District News
അതിരമ്പുഴ: അതിരമ്പുഴ കനാൽ റോഡ് ഉയർത്തി കല്ലുകെട്ടി ഗതാഗതയോഗ്യമാക്കണമെന്ന സ്ഥലവാസികളുടെ ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. പ്രദേശവാസികളുടെ ആവശ്യപ്രകാരം സ്ഥലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു എംപി.
ചന്തക്കുളത്തിനു സമീപം മുതൽ പെരുമ്പുഴ വരെയുള്ള 800 മീറ്റർ കനാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് പരിഗണിക്കുന്നത്. റോഡിന്റെ ഇരുവശവും മണ്ണടിച്ച് ഉയർത്തുകയും ഇരുവശവും കല്ലുകെട്ടുകയും ചെയ്താൽ വാഹനഗതാഗതത്തിന് യോഗ്യമാകും. മെഡിക്കൽ കോളജ്-ഏറ്റുമാനൂർ റോഡിനെയും നീണ്ടൂർ-ഏറ്റുമാനൂർ റോഡിനെയും ബന്ധിപ്പിക്കുന്ന മാർക്കറ്റ്- മുണ്ടുവേലിപ്പടി റോഡിന്റെ പാരലൽ റോഡായി കനാൽ റോഡ് മാറും.
മാർക്കറ്റ്-മുണ്ടുവേലിപ്പടി റോഡിലെയും മാർക്കറ്റ് ജംഗ്ഷനിലെയും വാഹനക്കുരുക്കിന് പരിഹാരവുമാകും. മഴ പെയ്താൽ ചെളിനിറഞ്ഞു കാൽനടയാത്ര പോലും ദുഷ്കരമാകുന്ന കനാൽ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് അടുത്ത മഴക്കാലത്തിനു മുമ്പ് പരിഹാരം കാണണമെന്ന് ഫ്രാൻസിസ് ജോർജ് എംപി എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജില്ലാ പഞ്ചായത്ത് മെംബർ ജിം അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, മെംബർ ജോയ്സ് മൂലേക്കരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എസ്. ദിലീപ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജൂബി ഐക്കരക്കുഴി, പി.വി. മൈക്കിൾ, മൈക്കിൾ ജയിംസ്, സാബു പീടിയേക്കൽ, ടി.എസ്. അൻസാരി, ഷാലി വർഗീസ്, ജോസഫ് എട്ടുകാട്ടിൽ, റോയ് കല്ലുങ്കൽ തുടങ്ങിയവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 7.15ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും. നാളെ രാവിലെ 7.15ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. നാളെ മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും.
24ന് വൈകുന്നേരം ആറിന് നഗരപ്രദക്ഷിണം ആരംഭിക്കും. 25ന് രാവിലെ 10ന് പരിശുദ്ധ റാസ അർപ്പിക്കും. വൈകുന്നേരം 5.30ന് 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 8.30ന് അതിരമ്പുഴ വെട്ടിക്കെട്ട്. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. അന്ന് രാത്രി 8.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുന:പ്രതിഷ്ഠിക്കും.
District News
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. 14 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ സമാപിക്കും.
നാളെ രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന എന്നിവയ്ക്കു ശേഷം 7.15ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും. ആത്മീയ പിതാവ് ഫാ. ഏബ്രഹാം കാടാത്തുകളം, അസി. വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ സഹകാർമികരാകും.
വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്നു പ്രദക്ഷിണം വൈകുന്നേരം ആറിന് ആരംഭിച്ച് 8.15ന് വലിയപള്ളിയിൽ സമാപിക്കും.
തിരുസ്വരൂപം പരസ്യവണക്കത്തിന്
20നു രാവിലെ 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി മദ്ബഹയിൽനിന്ന് പുറത്തെടുക്കും. 7.45ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം നടത്തും. തുടർന്ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾ ചെറിയപള്ളിയിൽ നടക്കും.
ദേശക്കഴുന്ന് 20 മുതൽ
ഇടവകയെ നാലു ഭാഗങ്ങളായി തിരിച്ച് നാലു ദിവസങ്ങളിൽ നടത്തുന്ന ദേശക്കഴുന്ന് 20ന് ആരംഭിച്ച് 23ന് സമാപിക്കും. വൈകുന്നേരം ആറിന് വിവിധ സ്ഥലങ്ങളിൽനിന്ന് ആരംഭിക്കുന്ന ചെറുപ്രദക്ഷിണങ്ങൾ സംഗമിച്ച് ദേശക്കഴുന്ന് രാത്രി ഒമ്പതിന് ചെറിയപള്ളിയിലെത്തി സമാപിക്കും.
പ്രദക്ഷിണങ്ങൾ 24നും 25നും
തിരുനാളിന്റെ പ്രധാന ആകർഷണങ്ങളായ നഗരപ്രദക്ഷിണവും തിരുനാൾ പ്രദക്ഷിണവും 24നും 25നും നടക്കും. 24ന് വൈകുന്നേരം ആറിന് നഗരപ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിക്കും. 6.45ന് പ്രദക്ഷിണം ടൗൺ കപ്പേളയിൽ എത്തും. പ്രാർഥനയ്ക്കു ശേഷം തുടരുന്ന പ്രദക്ഷിണം 8.15ന് ചെറിയപള്ളിക്കു മുന്നിലെത്തും. 7.45ന് വലിയപള്ളിയിൽനിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രദക്ഷിണവും 8.15ന് ചെറിയപള്ളിക്കു മുന്നിലെത്തി ഇരു പ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയപള്ളി ചുറ്റി, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും സംവഹിച്ച് വലിയപള്ളിയിലെത്തി 9.15ന് സമാപിക്കും.
25ന് വൈകുന്നേരം 5.30ന് 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കുന്ന തിരുനാൾ പ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിക്കും. ചെറിയപള്ളി ചുറ്റി തിരികെ വലിയപള്ളിയിലെത്തി 7.45ന് പ്രദക്ഷിണം സമാപിക്കും.
റാസ അർപ്പണം 25ന്
സീറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ വിശുദ്ധ കുർബാനയായ പരിശുദ്ധ റാസ 25ന് രാവിലെ 10ന് അർപ്പിക്കും. 10 മുതൽ ഫെബ്രുവരി ഒന്നുവരെ തിരുനാൾ ദിവസങ്ങളിൽ തൊണ്ണൂറിലേറെ വിശുദ്ധ കുർബാന അർപ്പണം നടക്കും.
വെടിക്കെട്ട് 25ന്
വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ട് 25ന് രാത്രി 8.30ന് നടക്കും. പരമ്പരാഗതമായി 24ന് രാത്രി നടന്നിരുന്ന വെടിക്കെട്ട് ഏതാനും വർഷങ്ങളായി 25ന് രാത്രിയിലാണ് നടത്തുന്നത്.
കലാപരിപാടികൾ 27 മുതൽ
കലാപരിപാടികൾ 27 മുതൽ 30 വരെ നടത്തും. ഇത്തവണ ആദ്യ ദിവസം നാടകവും മറ്റ് ദിവസങ്ങളിൽ ഗാനമേളയുമാണ്.അസി. വികാരി ഫാ. അനീഷ് കാമിച്ചേരി, കൈക്കാരൻ തോമസ് പുതുശേരി, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ്, മീഡിയ കൺവീനർ ജയ്സൺ ഞൊങ്ങിണിയിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
District News
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള നവദിന തിരുനാളൊരുക്കം നാളെ മുതൽ 18 വരെ നടക്കും.
എല്ലാ ദിവസവും രാവിലെ 5.40ന് സപ്രാ, വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 10നും 12 മുതൽ 17 വരെയും വൈകുന്നേരം അഞ്ചിനും 11നും 18നും വൈകുന്നേരം 4.15നും 6.15നും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന.
ഫാ. ജോർജ് പുന്നൂർ പുത്തൻപറമ്പിൽ, ഫാ. ജോൺ പുത്തൻപറമ്പിൽ, ഫാ. ജോസഫ് കുളങ്ങോട്ടിൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ജോസഫ് പ്ലാക്കാളിൽ, ഫാ. ജേക്കബ് പടമറ്റം, ഫാ. മാർട്ടിൻ നീളംപറമ്പിൽ, ഫാ. ജോസഫ് മഠത്തിശേരി, ഫാ. ജോൺ തുണ്ടിയിൽ, ഫാ. ആന്റണി നമ്പിയത്ത്, ഫാ. ജസ്റ്റിൻ രണ്ടുപറ പുത്തൻപറമ്പ് എന്നിവർ 10 മുതൽ 18 വരെ വൈകുന്നേരം തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
19 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അതിരമ്പുഴ തിരുനാൾ. 19ന് രാവിലെ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. 20 മുതൽ 23 വരെ ദേശക്കഴുന്ന്. 24ന് പ്രശസ്തമായ നഗരപ്രദക്ഷിണം. 25ന് രാവിലെ ആഘോഷമായ റാസ, വൈകുന്നേരം തിരുനാൾ പ്രദക്ഷിണം, രാത്രി 8.30ന് വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ട്. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആത്മീയ പിതാവ് ഫാ. അബ്രാഹം കാടാത്തുകളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, ബെന്നി മൂഴിയാങ്കൽ, സാബു തെക്കേടത്ത്, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് എന്നിവർ നേതൃത്വം നൽകും.
District News
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ സജി ഒ.എ. കോട്ടയരികിൽ (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. തോമസ് പുതുശേരി (കേരള കോൺഗ്രസ്) ആണ് വൈസ് പ്രസിഡന്റ്.
24 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ 22 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സജി ഒ.എക്ക് 17ഉം എൽഡിഎഫിലെ ബേബിനാസ് അജാസിന് അഞ്ചും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോമസ് പുതുശേരിക്ക് 17ഉം എൽഡിഎഫിലെ ജോസ് അഞ്ജലിക്ക് അഞ്ചും വോട്ട് ലഭിച്ചു. യുഡിഎഫിലെ ഒരു മെംബറും ഒരു സ്വതന്ത്ര മെംബറും ഹാജരായിരുന്നില്ല.
24-ാം വാർഡ് മെംബറായ സജി ആദ്യമായാണ് പഞ്ചായത്ത് അംഗമാകുന്നത്. ഹയർ സെക്കൻഡറി അധ്യാപികയായിരുന്ന സജി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് എച്ച്എസ്എസിൽനിന്ന് വിരമിച്ചു. കോട്ടയം സെന്റ് ആൻസ് എച്ച്എസ്എസിലും അധ്യാപികയായിരുന്നു. തോമസ് പുതുശേരി 13-ാം വാർഡ് മെംബറാണ്.
2015-20ൽ പഞ്ചായത്ത് മെംബറും 2018-20ൽ വൈസ് പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
District News
അതിരമ്പുഴ: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വര്ഷക്കാലയളവില് നടന്നതെന്ന് മന്ത്രി വി.എന്. വാസവന്. അതിരമ്പുഴ പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് പഞ്ചായത്തംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില് അതിരമ്പുഴയുടെ സ്നേഹാദരം മന്ത്രി ഏറ്റുവാങ്ങി.
റിസോഴ്സ് പേഴ്സണ് കെ.ജെ. മാത്യു, സെക്രട്ടറി സി.വൈ. നിസി ജോണ്, ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോര്ജ്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ് എന്നിവര് പങ്കെടുത്തു.
District News
അതിരമ്പുഴ: ഒന്നരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യം പേറുന്ന അതിരമ്പുഴ ചന്ത ജീർണാവസ്ഥയിൽ. അതിരമ്പുഴ പഞ്ചായത്തിന്റെ കീഴിലുള്ള പച്ചക്കറി മാർക്കറ്റാണ് കാടുപിടിച്ചും പൊട്ടിത്തകർന്നും കിടക്കുന്നത്.
പുരാതന വാണിജ്യകേന്ദ്രമെന്ന മേനിപറയുമ്പോഴും മാർക്കറ്റ് ദയനീയാവസ്ഥയിലാണ്. മാർക്കറ്റിന്റെ പ്രവേശന കവാടം തന്നെ കാടുപിടിച്ച നിലയിൽ. മാർക്കറ്റിലേക്കുള്ള വഴിയും മാർക്കറ്റിന്റെ ഉൾവശവും പൊട്ടിത്തകർന്ന് കുഴികൾ നിറഞ്ഞാണ്. ഈ കുഴികളിലെ വെള്ളവും ചേറും ചവിട്ടിയല്ലാതെ മാർക്കറ്റിലേക്കു കടക്കാനാകില്ല.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള, 10 കോടിയിലേറെ രൂപ തനത് ഫണ്ടുള്ള പഞ്ചായത്തിലാണ് ഈ ദയനീയാവസ്ഥ. മാർക്കറ്റിനോടു ചേർന്ന് നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസമായിരുന്നു.
അന്നെങ്കിലും കാടു വെട്ടിത്തെളിക്കുകയും കുഴികളടയ്ക്കുകയും ചെയ്യുമെന്നു കരുതിയവർക്കു തെറ്റി. അതിരമ്പുഴ മാർക്കറ്റിന്റെ പാരമ്പര്യമോർത്തെങ്കിലും മാർക്കറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.